മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറൽ (എജി) സ്വീകരിച്ച നിലപാട് സർക്കാരിൻ്റെതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയത്തിൽ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും എജിയെ സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും എജി കോടതിയിൽ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതിയിൽ എജി നടത്തിയ വാദങ്ങളെ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് താനും ആഭ്യന്തര മന്ത്രിയും വിശദമായി ആലോചിച്ചിരുന്നു. മുതിർന്ന മന്ത്രിമാർ, പ്രധാന കക്ഷിനേതാക്കൾ, യുഡിഎഫ് നേതാക്കൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഒരാളുടെ മാത്രം തീരുമാനമല്ലെന്നും എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ തീരുമാനത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുകയാണെന്നും സതീശൻ പറഞ്ഞു. ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അനാവശ്യമായ ധൃതി കാണിക്കാതെ നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് നിർദേശം നൽകിയത്. രാഷ്ട്രീയവിരോധം തീർക്കാൻ കേസെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമപരമായ മാർഗം സ്വീകരിച്ചില്ലായിരുന്നെങ്കിൽ രാഷ്ട്രീയവിരോധം തീർക്കാൻ കേസെടുത്തുവെന്നും സുപ്രീംകോടതി വിധി പരിഗണിച്ചില്ലെന്നും വിമർശനം ഉയരുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.