ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ വീണ്ടും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ജനജീവിതം ദുരിതത്തിലാവുകയും പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
മജസ്റ്റിക്, ടൗൺ ഹാൾ, കെ.ആർ. മാർക്കറ്റ്, ജയനഗർ, ശേഷാദ്രിപുരം, വിധാന സൗധ പരിസരം, മല്ലേശ്വരം, രാജാജിനഗർ, മൈസൂർ ബാങ്ക് സർക്കിൾ, കോർപ്പറേഷൻ, ലാൽബാഗ്, ബസവഗുഡി, ഗാന്ധി ബസാർ, സൗത്ത് എൻഡ് സർക്കിൾ, ബസപ്പ സർക്കിൾ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
പെട്ടെന്നുണ്ടായ മഴയിൽനിന്ന് രക്ഷപ്പെടാൻ നിരവധി പേർ ബസ് സ്റ്റാൻഡുകളിലും കെട്ടിടങ്ങളുടെ ഇടനാഴികളിലും അഭയം തേടി. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയവരും വഴിയോരക്കച്ചവടക്കാരുമാണ് ഏറെ ദുരിതത്തിലായത്. മഴയെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതം മന്ദഗതിയിലായി.
കനത്ത മഴയിൽ ബെംഗളൂരു–ഹൊസൂർ ദേശീയപാതയിലെ ചന്ദാപുരയ്ക്ക് സമീപമുള്ള കിട്ടാനഹള്ളി ക്രോസിൽ വലിയ തോതിൽ വെള്ളം കയറി. റോഡിൽ വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ പ്രയാസമുണ്ടായി. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും മാലിന്യങ്ങളും മരച്ചില്ലകളും അടിഞ്ഞ് ഡ്രെയിനേജുകൾ തടസ്സപ്പെട്ടതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് റിപ്പോർട്ട്. ഓരോ തവണ മഴ പെയ്യുമ്പോഴും ഇവിടെ സമാനമായ സാഹചര്യം ഉണ്ടാകുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതയിലെ വെള്ളക്കെട്ടിനെ തുടർന്ന് വാഹനയാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിട്ടു. റോഡ് നിർമാണത്തിലെയും അറ്റകുറ്റപ്പണികളിലെയും വീഴ്ചകളെച്ചൊല്ലി യാത്രക്കാർ പ്രതിഷേധവും ഉയർത്തി. മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് സാധ്യതയുള്ള റോഡുകളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശം.