ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. ഇന്ന് മുതൽ പുതിയ സ്റ്റോപ്പ് നിലവിൽ വരും. കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16377) ഉച്ചകഴിഞ്ഞ് 2.30നും എറണാകുളം–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി (16378) രാവിലെ 10.59നും ഒറ്റപ്പാലത്ത് എത്തും.
നേരത്തെ പാലക്കാട് കഴിഞ്ഞാൽ തൃശൂരിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്. ഷൊർണൂർ ജംക്ഷൻ വഴി കടന്നുപോകാത്ത ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചത് പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. ബെംഗളൂരുവിലേക്കും എറണാകുളത്തേക്കുമുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതാണ് പുതിയ തീരുമാനം.