മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബാരിക്കേഡുകൾ മറിച്ചിട്ട പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചതായും എം.വി. നികേഷ് കുമാർ, എ.എ. റഹീം എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് കരുതേണ്ടെന്നും സമരം രാജ്യവ്യാപകമായി വ്യാപിക്കുമെന്നും എം.വി. നികേഷ് കുമാർ പ്രതികരിച്ചു. ഏതുതരത്തിലുള്ള സമ്മർദമുണ്ടായാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി.
അതിനിടെ, ജന്തർ മന്തറിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജെ.ഡി.യു ഓഫീസിൻ്റെ ഗേറ്റ് വഴിയാണ് സംഘം ജന്തർ മന്തറിൽ പ്രവേശിച്ചത്. പ്രതിഷേധങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെതിരെയായിരുന്നു നേതാക്കളുടെ നീക്കം.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനാധിപത്യം തകർന്നുവെന്നും അത് വീണ്ടെടുക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സമരം വലിയ വിജയമാണെന്നും നേതാക്കൾ അവകാശപ്പെട്ടു.
ജന്തർ മന്തറിന് വീണ്ടും സമരകേന്ദ്രമെന്ന പദവി ലഭിക്കുന്നതുവരെ വിദ്യാർഥി-യുവജന സംഘടനകളെ ഉൾപ്പെടുത്തി മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിൻ്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാ മുന്നണി നേതാക്കൾ, എംപിമാർ, പോഷക സംഘടനാ പ്രതിനിധികൾ, വിദ്യാർഥി-യുവജന നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് വൻ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.