ജർമനിയിലെ കൊളോണിൽ 16 വയസ്സുകാരിയെ ഹ്യൂമനോയിഡ് റോബോട്ട് ഉപയോഗിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ റോബോട്ടിൻ്റെ ഉടമയായ 16 വയസ്സുകാരനെയും 19 വയസ്സുകാരനെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ടും ഇരുവരുടെയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി നഗരത്തിലെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന് സമീപമായിരുന്നു സംഭവം. ഏകദേശം 1.2 മീറ്റർ ഉയരമുള്ള റോബോട്ട് പെൺകുട്ടിയുടെ ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ലൈംഗിക ചുവയുള്ള ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ് പൊലീസിൻ്റെ വിശദീകരണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ രണ്ട് യുവാക്കൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ തത്സമയം പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
സംഭവസമയത്ത് റോബോട്ടിൻ്റെ ചലനങ്ങൾ വിദൂരനിയന്ത്രണത്തിലൂടെ നിയന്ത്രിച്ചിരുന്നോ അതോ മുൻകൂട്ടി പ്രോഗ്രാം ചെയ്തതാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുറ്റകൃത്യത്തിൽ യുവാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഇരുവരെയും ഇതുവരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളില്ല. റോബോട്ടുകളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ജർമൻ പൊലീസ് മുന്നറിയിപ്പ് നൽകി.