ദസറാഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടനും നർത്തകനുമായ പ്രഭുദേവയാണ് യുവദസറയ്ക്ക് തിരി തെളിയിച്ചത്. മൈസൂരുവിൻ്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ, എം.എൽ.എ.മാരായ ജി.ടി. ദേവഗൗഡ, തൻവീർ സേഠ് തുടങ്ങിയവരും പങ്കെടുത്തു.

യുവജനങ്ങളുടെയും വനിതകളുടെയും പങ്കാളിത്തത്തോടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾക്ക് വേദിയൊരുങ്ങി. യുവജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുവ ദസറ സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, വിനോദപരിപാടികൾ എന്നിവയിലൂടെ യുവാക്കൾക്ക് ആഘോഷങ്ങളിൽ സജീവമായി പങ്കുചേരാൻ അവസരമൊരുക്കുന്നു.

വനിതകളുടെ കഴിവുകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനൊപ്പം അവരുടെ കലാപരമായ മികവ് അവതരിപ്പിക്കാനുള്ള വേദിയായി മഹിളാ ദസറയും മാറി. വിവിധ പരിപാടികളിൽ വനിതകളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മൈസൂരു ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ യുവ ദസറയും മഹിളാ ദസറയും നഗരത്തിലെ ആഘോഷാന്തരീക്ഷത്തിന് കൂടുതൽ നിറം പകരുകയാണ്.

Related Posts