ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഐക്യത്തിൻ്റെ സന്ദേശം ഉയർത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം ഒന്നിച്ചു നിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടുവെന്നും ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിപക്ഷത്തിനിടയിൽ വ്യത്യസ്തമായ പോരാട്ടങ്ങളില്ലെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള ഒരേയൊരു പോരാട്ടമാണ് നടക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇന്ത്യാ സഖ്യം സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് ജനങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. യുവാക്കളും സാധാരണ പൗരന്മാരും സ്വന്തം നിലയിൽ മുൻകൈയെടുത്ത് പരിപാടികളിൽ പങ്കാളികളാകുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി ആർജെഡി നേതാവ് തേജസ്വി യാദവും രംഗത്തെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
ചരിത്രപരമായി പ്രതിഷേധങ്ങൾ നടന്നിരുന്ന ജന്തർ മന്തറിൽനിന്ന് സമരവേദി ഡൽഹിയുടെ അതിർത്തികളിലേക്ക് മാറ്റിയ നടപടിയെയും തേജസ്വി വിമർശിച്ചു. പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള ഭരണാധികാരികളുടെ ഭയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി ആവശ്യമായ ത്യാഗങ്ങൾ സഹിച്ചും പോരാട്ടം തുടരുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ പ്രഖ്യാപിച്ചു.