നഗരത്തിൽ നിർദേശിച്ചിട്ടുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് വിവിധ ഇടങ്ങളിൽ കോറിഡോർ പദ്ധതികൾക്കെതിരായ ജനകീയ പ്രതിഷേധം നടന്നത്.

‘Dear DK, Flyovers Yaake?’ എന്ന പ്രചാരണത്തിൻ്റെ ഭാഗമായി 100 Feet Road, ചിന്മയ മിഷൻ ആശുപത്രി റോഡ്, സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നാട്ടുകാർ മനുഷ്യച്ചങ്ങല തീർത്തു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിർദേശിക്കുന്ന മേൽപ്പാല, എലിവേറ്റഡ് കോറിഡോർ പദ്ധതികൾ നഗരജീവിതത്തിലും പരിസരങ്ങളിലെ യാത്രാസൗകര്യങ്ങളിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് പ്രതിഷേധത്തിൻ്റെ പശ്ചാത്തലം. പദ്ധതികളുടെ ആവശ്യകത, ഗതാഗതപ്രശ്നങ്ങൾക്ക് അവ നൽകുന്ന പരിഹാരം, നഗരത്തിൻ്റെ ദീർഘകാല വികസനത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ച വേണമെന്ന ആവശ്യവും പ്രചാരണത്തിൻ്റെ പേരിൽ ഉയരുന്നു.
പ്രതിഷേധക്കാർ ഉയർത്തിയ പ്ലക്കാർഡുകളിൽ ‘More Flyovers, More Cars’, ‘Concrete above, crisis below’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.

മേൽപ്പാലങ്ങൾ നിർമിക്കുന്നതിനുപകരം മെട്രോ, ബസ് സർവീസുകൾ ശക്തിപ്പെടുത്തുക, പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഗതാഗതക്കുരുക്കുള്ള ജങ്ഷനുകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവച്ചു.

ഇന്ദിരാനഗറിലൂടെ കടന്നുപോകുന്ന സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ–സിൽക്ക് ബോർഡ് പാതയിലെ 11.62 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ പദ്ധതിയും പ്രതിഷേധത്തിൻ്റെ പ്രധാന വിഷയങ്ങളിലൊന്നാണ്. നിർമാണം നടപ്പായാൽ റോഡിലെ മരങ്ങൾ, പച്ചപ്പ്, കാൽനടയാത്രാ സൗകര്യങ്ങൾ എന്നിവയെ ബാധിക്കുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവച്ചു.

Related Posts