മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെങ്കിലും പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു.
നിയമവ്യവസ്ഥ തകരാറിലാകുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവനും സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾക്ക് ഒരേ പ്രാധാന്യമുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെ തെരുവുകളിലുണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും നിർദേശിച്ചു.
ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന സാഹചര്യം എന്താണെന്നും അതിനായി സ്വീകരിച്ച നടപടികൾ ഏതൊക്കെയാണെന്നും വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.
സംഭവത്തിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടി. ക്രമസമാധാന നിയന്ത്രണത്തിന് നേതൃത്വം നൽകിയ ഡൽഹി പൊലീസിനോടും മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോടും (ഡിഎംആർസി) വിശദീകരണം തേടിയിട്ടുണ്ട്.