സുരക്ഷാ ഏജൻസികളുടെ നിർദേശത്തെത്തുടർന്ന് ഡൽഹി മെട്രോയിലെ നിയന്ത്രണങ്ങൾ നീട്ടി. സുരക്ഷാ കാരണങ്ങളാൽ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 വരെ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) അറിയിച്ചു. വിവിധയിടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്ത് ഡൽഹി പൊലീസിൻ്റെ നിർദേശപ്രകാരമാണ് നടപടി.
അടച്ചിട്ട സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള വഴികളും അനുവദിക്കില്ല. എന്നാൽ ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമല്ലാത്ത മറ്റു പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾ മാറിക്കയറാനുള്ള സൗകര്യം തുടരും.
രാത്രി 10ന് ശേഷം സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷമായിരിക്കും മെട്രോ സർവീസുകൾ സാധാരണ നിലയിലാക്കുന്നതിൽ തീരുമാനമെടുക്കുക. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.