ലോക കാഴ്ചദിനത്തോടനുബന്ധിച്ച് കാഴ്ചപരിമിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വേൾഡ് ബ്ലൈൻഡ് വാക്ക് 2026’ൽ പങ്കെടുത്തത് 300 ഓളം പേർ. കഴിഞ്ഞ ദിവസം വിധാന സൗധയ്ക്ക് മുന്നിൽ പ്രോജക്ട് വിഷൻ്റെ നേതൃത്വത്തിൽ വൺസൈറ്റ്, എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ, സെന്റ് ക്ലാരറ്റ് കോളേജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ലോകമെമ്പാടുമുള്ള നാല് കോടി കാഴ്ചപരിമിതരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽ 1.5 കോടി അന്ധരുണ്ടെന്നാണ് സംഘാടകർ പുറത്തുവിട്ട കണക്ക്.

സിബു ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൺസൈറ്റ് ജീവനക്കാർ, സെന്റ് ക്ലാരറ്റ് കോളേജിലെ വിദ്യാർഥികൾ, പ്രോജക്ട് വിഷൻ ജീവനക്കാർ, ഫാ. ടോമിയുടെ നേതൃത്വത്തിലുള്ള സുമനഹള്ളി സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വൺസൈറ്റിലെ ധർമ്മപ്രസാദ് റായ് സ്വാഗതം ആശംസിച്ചു.

എസ്സിലോർലക്സോട്ടിക്കയുടെ ഗ്രേറ്റർ ഇന്ത്യ പ്രസിഡണ്ട് വേണു അംബാട്ടി, കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഒഫ്താൽമോളജി ജോയിന്റ് ഡയറക്ടർ ഡോ. വിവേക് ദൊറായി, കർണാടക സർക്കാരിൻ്റെ വിഷൻ കമ്മിറ്റി ചെയർമാൻ ഡോ. കൃഷ്ണപ്രസാദ് കുഡ്ലു, വിധാന സൗധ പൊലീസ് സബ് ഇൻസ്പെക്ടർ ശിവാനന്ദ് മംഗളൂരു എന്നിവർ സംസാരിച്ചു. നേത്രാരോഗ്യത്തിൻ്റെ പ്രാധാന്യം, കാഴ്ചപരിമിതരോടുള്ള സഹാനുഭൂതി, സാമൂഹിക ഉൾക്കൊള്ളൽ എന്നിവയുടെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

കണ്ണുകെട്ടി നടന്നുകൊണ്ട് കാഴ്ചപരിമിതർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ അനുഭവിച്ചറിയാനുള്ള അവസരമാണ് ബ്ലൈൻഡ് വാക്ക് ഒരുക്കിയത്. ഫ്ലാഗ് ഓഫ് ചെയ്തശേഷം ശിവാനന്ദ് മംഗളൂരു സ്വയം കണ്ണുകെട്ടി മുഴുവൻ ദൂരവും നടന്നത് പരിപാടിയിലെ ശ്രദ്ധേയമായ നിമിഷമായി. കാഴ്ചപരിമിതർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹം പിന്നീട് സന്ദേശവും നൽകി.

കാഴ്ചപരിമിതരായ 15 ഓളം പേരും പരിപാടിയിൽ പങ്കെടുത്തു. അവരുടെ സഞ്ചാരസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗുണമേന്മയുള്ള വെള്ളവടികൾ സമ്മാനിച്ചു. അഞ്ജിനപ്പയുടെ നേതൃത്വത്തിലായിരുന്നു കാഴ്ചപരിമിതരുടെ സംഘം പരിപാടിയിൽ പങ്കെടുത്തത്.

കാഴ്ചപരിമിതിയെക്കുറിച്ച് അവബോധം വളർത്തുക, പൊതുസ്ഥലങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി പ്രചാരണം നടത്തുക, ഭിന്നശേഷിക്കാരുടെ അന്തസ്സും സ്വാതന്ത്ര്യവും തുല്യാവകാശങ്ങളും അംഗീകരിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുക എന്നിവയാണ് വേൾഡ് ബ്ലൈൻഡ് വാക്കിലൂടെ പ്രോജക്ട് വിഷൻ ലക്ഷ്യമിടുന്നത്. ‘അവരുടെ ചെരിപ്പിൽ നടന്നു നോക്കൂ, ലോകത്തെ വ്യത്യസ്തമായി കാണൂ’ എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.

onesight

ആയിരത്തിലേറെ ബ്ലൈൻഡ് വാക്കുകൾ; 12,000 തിമിര ശസ്ത്രക്രിയകൾ

2014 മുതൽ പ്രോജക്ട് വിഷൻ ബ്ലൈൻഡ് വാക്കുകൾ സംഘടിപ്പിച്ചുവരുന്നു. ഇതുവരെ ആറു രാജ്യങ്ങളിലായി ആയിരത്തിലേറെ നടത്തങ്ങൾ സംഘടിപ്പിച്ചതായും അഞ്ച് ലക്ഷത്തിലധികം പേർ നേത്രദാനത്തിന് സമ്മതം അറിയിച്ചതായും സംഘടന വ്യക്തമാക്കി. 400 പേരിൽനിന്ന് കോർണിയ ശേഖരിച്ചതിലൂടെ 800 പേർക്ക് കാഴ്ച ലഭ്യമാക്കാനായെന്നും 12,000 തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയെന്നും പ്രോജക്ട് വിഷൻ അറിയിച്ചു.

സഹായങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും സിബു ജോർജിനെ ബന്ധപ്പെടാം: 94480 71973.

Related Posts