മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ താപ്തി നദിയിൽ കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ധൂലെ ജില്ലയിലെ സവാൽദെ മേഖലയിലാണ് നദിയുടെ അടിത്തട്ടിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ചിരുന്നതായും ചങ്ങലയിൽ താഴിടാൻ ഉപയോഗിക്കുന്ന പൂട്ടുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ദമ്പതികളുടെ മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ പൊലീസ് വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മരണകാരണം സ്ഥിരീകരിക്കുന്നതിനും സംഭവത്തിലെ ദുരൂഹത നീക്കുന്നതിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും. പൊലീസ് അന്വേഷണത്തിന് ശേഷമേ സംഭവത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകൂ.

Related Posts