സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഒക്ടോബർ 10 വരെ റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. മേഖലയിൽ തുടരുന്ന സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് തീരുമാനം.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം യാത്രാമധ്യേ ഡൽഹിയിലേക്ക് തിരിച്ചിറങ്ങി. ഗുജറാത്തിന് മുകളിലൂടെ പറന്നശേഷം അറബിക്കടലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് പൈലറ്റുമാർ വിമാനം തിരിച്ചുവിട്ടത്. ആക്രമണങ്ങൾ റിയാദ്, അബഹ വിമാനത്താവളങ്ങളിലുൾപ്പെടെ വ്യോമഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഒക്ടോബർ 6, 7 തീയതികളിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ അറിയിച്ചു.

സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് പൂർണ റീഫണ്ട് അല്ലെങ്കിൽ അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനുള്ള സൗകര്യം വിമാനക്കമ്പനികൾ നൽകുന്നുണ്ട്.

Related Posts