വിമാന ഇന്ധന വില വർധിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാരിൽനിന്ന് ഈടാക്കുന്ന ഇന്ധന സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോയ്ക്ക് പിന്നാലെ ആകാശ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയും നിരക്ക് വർധന പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഒക്ടോബർ അഞ്ചിനാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകളിലെ ഇന്ധന ചാർജ് വർധിപ്പിച്ചത്. ആഭ്യന്തര യാത്രകളിൽ ₹100 മുതൽ ₹350 വരെ വർധനയാണ് വരുത്തിയത്. യാത്രാദൂരത്തിന് അനുസരിച്ചാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഇന്ധന ചാർജ് ₹375 ആയും 501 മുതൽ 1,000 കിലോമീറ്റർ വരെ ₹600 ആയും 2,000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് ₹1,300 ആയും ഉയർത്തി. നേരത്തെ ഇത് യഥാക്രമം ₹275, ₹400, ₹950 എന്നിങ്ങനെയായിരുന്നു.
രാജ്യാന്തര സർവീസുകളിലും റൂട്ടിനും യാത്രാദൂരത്തിനും അനുസരിച്ച് ₹1,000 മുതൽ ₹10,000 വരെ വിവിധ സ്ലാബുകളിലായി വർധനയുണ്ട്. വിമാന ഇന്ധന വില ഉയർന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമെന്ന് കമ്പനികൾ അറിയിച്ചു. ഒക്ടോബറിൽ വിമാന ഇന്ധനവില ലിറ്ററിന് ₹16 വർധിച്ചതോടെ നിലവിലെ വില ഏകദേശം ₹137 ആയി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിമാന ഇന്ധനം ലഭിക്കുന്നതെന്നും ഇതുമൂലമുള്ള അധിക ചെലവ് പരിഹരിക്കാനാണ് ഇന്ധന സർചാർജ് വർധിപ്പിച്ചതെന്നും ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.