ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ ജമ്മുകശ്മീരിൽ തകർന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ആണ് സൗജന്യമായി വീടുകൾ നിർമ്മിച്ച് നൽകുന്നത്. ശിലാസ്ഥാപനകർമ്മം ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു. ശിലാസ്ഥാപന കർമ്മത്തിൽ സർക്കാർ പോലീസ് സൈനിക ഉന്നത ഉദ്യോഗസ്ഥരും എച്ച് ആർ ഡി എസിൻ്റെ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ അടക്കമുള്ള പ്രതിനിധികളും ഭാഗമായി.
ആദ്യ ഘട്ടത്തിൽ 1,500 വീടുകളാണ് ജമ്മുകശ്മീൻ്റെ വിവിധ മേഖലകളിൽ പണിയുന്നത്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പ്രീഫാബ്രിക്കേറ്റഡ് സ്മാർട്ട് ഹോമുകളാണ് കുടുംബങ്ങൾക്കായി ഒരുങ്ങുന്നത്. ജോലികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. വീടുകളിൽ പശുത്തൊഴുത്ത് പോലുള്ള ജീവിതമാർഗങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. മൂന്ന് കിടപ്പുമുറിയുള്ള വീടുകളുടെ അടുത്ത 5 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും എച്ച്ആർഡിഎസ്-ഇന്ത്യ വഹിക്കും. അടുത്ത 15 വർഷത്തേക്ക് എല്ലാ കുടുംബാംഗങ്ങൾക്കും സൗജന്യ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സംഘടന ഉറപ്പാക്കുന്നുണ്ട്. പാക് ആക്രമണത്തിൽ തകർന്ന വീടുകൾക്ക് പുറമേ പ്രകൃതി ദുരന്തത്തിൽ തകർന്ന വീടുകളും സംഘടനയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്നുണ്ട്.