എസ്ഐആറിൻ്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ബെംഗളൂരുവിൽ ഇന്ന് ജനകീയ വിചാരണ (പീപ്പിൾസ് ട്രൈബ്യൂണൽ) സംഘടിപ്പിക്കും. രാവിലെ 10.30ന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധ പരിപാടി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അശുതോഷ് രംഗ്, നടൻ പ്രകാശ് രാജ് തുടങ്ങിയവർ പങ്കെടുക്കും.
കർണാടകയിൽ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരുടെ എഎസ്ഡിഡിഒ പട്ടികയിലുള്ള 1.08 കോടി പേരിൽ അർഹരായവരെ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്യൂമറേഷൻ സമയത്ത് കണ്ടെത്താനാകാത്തവർ, മരിച്ചവർ, സ്ഥലം മാറിപ്പോയവർ, ഇരട്ടിപ്പിച്ച പേരുകൾ തുടങ്ങിയ വിഭാഗങ്ങളെയാണ് എഎസ്ഡിഡിഒ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 16 വരെയുള്ള കണക്കനുസരിച്ച് കർണാടകയിൽ 5.54 കോടി വോട്ടർമാരുണ്ടായിരുന്നു. എന്നാൽ എസ്ഐആറിൻ്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ 4.48 കോടി പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.