മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്.

പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതിനു പിന്നാലെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര തുടങ്ങിയ നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മാർച്ചിൽ പങ്കെടുത്ത നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എത്താൻ അനുവദിക്കാത്തതിനെ തുടർന്ന് ചില നേതാക്കൾ ആകാശവാണി ഭവന് സമീപം പ്രതിഷേധം തുടർന്നു. വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേട് ആരോപിച്ചാണ് ഇന്ത്യ സഖ്യം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർപട്ടിക ശുദ്ധീകരിക്കാനും അർഹരായ വോട്ടർമാരെ ഉൾപ്പെടുത്താനുമാണ് പരിഷ്‌കരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related Posts