ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന ഹനുമകൊണ്ടയിലെ കോളജിൽ പീഡിയാട്രിക്സ് പി.ജി വിദ്യാർഥിനിയായ ഡോ. കോമതി ശ്രീജന (27) ആണ് മരിച്ചത്. സുഹൃത്തായ രവി കുമാറിന് സ്വർണമാല തിരികെ നൽകാനാണ് ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 30ന് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ മുറിയെടുത്ത ശ്രീജനയെ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ മുറിയിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയതായി പറയുന്ന സുഹൃത്ത് രവി കുമാറിനെ നിലവിൽ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Related Posts