ബാംഗ്ലൂർ മലയാളി സമൂഹത്തിൽ അക്ഷരശ്ലോക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച അക്ഷരശ്ലോക വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും ആദ്യ സമ്മേളനവും ഇന്ദിരാനഗർ ഇസിഎ ക്ലബ്ബിൽ നടന്നു.
ബാംഗ്ലൂരിൽ അക്ഷരശ്ലോക പാരമ്പര്യം സജീവമാക്കണമെന്ന എ.പത്മനാഭൻ്റെ ആശയത്തിന് പിന്തുണയേകി, കൈരളി ടി.വിയിലെ ‘മാമ്പഴം’ പരിപാടിയിലൂടെ ശ്രദ്ധേയയായ നീതു കുറ്റിമാക്കലും, മലയാള മിഷൻ്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് ബാംഗ്ലൂരിലെ മലയാളി കുട്ടികളെ കവിതകളിലൂടെ മലയാളഭാഷയോട് അടുപ്പിക്കുന്ന മീരാ നാരായണനും ചേർന്നാണ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.
ഉത്തര കേരള അക്ഷരശ്ലോക സമിതിയുടെ സ്ഥാപക നേതാവ് വി.എം.ഉണ്ണികൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മയ്ക്കായി നീതു കുറ്റിമാക്കൽ രൂപകൽപ്പന ചെയ്ത ലോഗോ നാരായണൻ നമ്പീശനും കെ.പി.ഗോപാലകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.
അക്ഷരശ്ലോകത്തിൻ്റെ ചരിത്രവും പാരമ്പര്യവും അനുസ്മരിച്ച് നാരായണൻ നമ്പീശൻ ആശംസാപ്രസംഗം നടത്തി. 1970-കളിൽ ഇസിഎ ക്ലബ്ബിൽ അരങ്ങേറിയിരുന്ന അക്ഷരശ്ലോക സായാഹ്നങ്ങളുടെ ഓർമകൾ കെ. പി. ഗോപാലകൃഷ്ണൻ പങ്കുവെച്ചു.
തുടർന്ന് നടന്ന ശ്ലോകസദസ്സിൽ അക്ഷരശ്ലോക രംഗത്തെ പ്രമുഖരുടെ സാന്നിധ്യമുണ്ടായി. മുതിർന്ന അക്ഷരശ്ലോക വിദഗ്ധ കെ. ഭാഗീരഥിയമ്മ, 2006 മുതൽ ഓൺലൈൻ അക്ഷരശ്ലോക വേദികളിൽ സജീവമായ മൗണ്ട് കാർമൽ കോളേജ് സംസ്കൃത വിഭാഗം മേധാവി ഡോ. ജ്യോതിർമയി, വൃന്ദ ശ്രീമതി ഗായത്രി, സമസ്യാപൂരണങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മനു എന്നിവർ ശ്ലോകസദസ്സിൽ പങ്കെടുത്തു.
ഹരിദാസിൻ്റെ ഏകോപനത്തിൽ നടന്ന സമ്മേളനത്തിൽ അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും അക്ഷരശ്ലോകവുമായുള്ള തങ്ങളുടെ ബന്ധവും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു. കൂട്ടായ്മയുടെ ഓൺലൈൻ മീഡിയ കോ-ഓർഡിനേറ്ററായി മീരാ നാരായണനെ നിർദേശിച്ചു.
ബാംഗ്ലൂരിലെ മലയാളി സമൂഹത്തിൽ അക്ഷരശ്ലോകത്തിൻ്റെ പാരമ്പര്യം നിലനിർത്തുകയും അതിൻ്റെ സൗന്ദര്യവും സാഹിത്യപൈതൃകവും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്യുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. അക്ഷരശ്ലോക സദസ്സുകൾ സംഘടിപ്പിക്കുന്നതിനും കൂടുതൽ പേരെ ഈ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിനും കൂട്ടായ്മ പ്രവർത്തിക്കും.
സമ്മേളനം ബാംഗ്ലൂർ മലയാളികൾക്കിടയിൽ സുപരിചിതയും കഥാകൃത്തുമായ ലത കെ നമ്പൂതിരിയുടെ കൃതജ്ഞതയോടെ അവസാനിച്ചു

