തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് കേസെടുത്തു. ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ധാരാപുരത്ത് നടത്തിയ പൊതുയോഗത്തിൽ കുട്ടിയെ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് ഉദയനിധി കുട്ടിയെക്കൊണ്ട് സംസാരിപ്പിക്കുകയും മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

കുട്ടിയെക്കൊണ്ട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിച്ചെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. തിരുപ്പൂർ ജില്ലാ പൊലീസിൻ്റെ വാർത്താക്കുറിപ്പിൽ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ധാരാപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ കുട്ടിയുടെ പേരോ പ്രായമോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ആരുടെ പരാതിയിലാണ് കേസെടുത്തതെന്ന കാര്യത്തിലും വ്യക്തത നൽകിയിട്ടില്ല.

Related Posts