ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ ഇത്തവണ വൻ സുരക്ഷാ സന്നാഹം ഒരുക്കും. നഗരത്തിലെ പൊലീസ് സേനയ്ക്ക് പുറമേ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 6,000 പൊലീസുകാരെ കൂടി സുരക്ഷാ ചുമതലകൾക്കായി നിയോഗിക്കും. ആകെ 10,000 പൊലീസുകാരുടെ സേവനമാണ് ദസറയോടനുബന്ധിച്ച് ഉറപ്പാക്കുന്നത്.

എസ്.പി, ഡി.ഐ.ജി, ഐ.ജി.പി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉൾപ്പെടെ പ്രമുഖ വി.ഐ.പികളെ ദസറയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്. ദസറ വേദിയിലേക്കുള്ള വി.ഐ.പി പ്രവേശനത്തിനായി പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും തിരക്കുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കും.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മൈസൂരുവിലെ ആശുപത്രികളിലും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകും. എമർജൻസി വാർഡുകൾ സജ്ജമാക്കാനും അടിയന്തര ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി എം.എ. സലീം മൈസൂരുവിലെത്തി ദസറ സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തി. മുഖ്യമന്ത്രിമാർക്കും മറ്റ് വി.ഐ.പികൾക്കും ദസറ വേദിയിലേക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള പ്രത്യേക റൂട്ടുകളും ക്രമീകരിക്കാനും ജനത്തിരക്ക് നിയന്ത്രിച്ച് ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Related Posts