ദേശീയപാതയ്ക്ക് സമീപം ബെളഗാവിയിൽ മാഞ്ച നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ 19കാരനായ വിദ്യാർഥി മരിച്ചു. മഹന്തേഷ് നഗർ സ്വദേശി ധ്രുവ് കർജഗിയാണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിൽ ഐ.ടി.ഐ കോഴ്‌സ് പഠിച്ചുവരികയായിരുന്നു.

വ്യാഴാഴ്ച പരീക്ഷ എഴുതുന്നതിനായി ബന്ധുവിൻ്റെ ബൈക്ക് വാങ്ങി കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. ദേശീയപാതയ്ക്ക് സമീപം യാത്ര ചെയ്യുമ്പോൾ പട്ടം പറത്താൻ ഉപയോഗിച്ചിരുന്ന മാഞ്ച നൂൽ ധ്രുവിൻ്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. നൂൽ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി. സംഭവസ്ഥലത്തുവച്ചുതന്നെ ധ്രുവ് മരിച്ചു.

സംഭവത്തിൽ നോർത്ത് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാഞ്ച നൂൽ എവിടെ നിന്നാണ് വന്നതെന്നും പട്ടം പറത്തിയവരെ കണ്ടെത്താനാകുമോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts