ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് വിമാനം വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ച പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് സഹപൈലറ്റിൻ്റെ ആക്രമണത്തെ നേരിട്ടതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായിയുടെ FZ 1073 വിമാനത്തിലാണ് ബുധനാഴ്ച കോക്ക്പിറ്റിൽ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വിമാനം പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റിട്ടും ആക്രമണത്തെ പ്രതിരോധിച്ച ക്യാപ്റ്റൻ വിമാനത്തിൻ്റെ നിയന്ത്രണം കൈവിടാതെ തുടർന്നു.
സംഭവത്തിനിടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ കോക്ക്പിറ്റിലെത്തി ക്യാപ്റ്റനെ സഹായിക്കുകയും അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. അവധിയിലായിരുന്ന ചില പൈലറ്റുമാരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ പിന്നീട് വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തി.
വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇസ്രയേൽ പൗരന്മാരായിരുന്നു. ആക്രമണത്തിനിടെ വിമാനം ഏകദേശം രണ്ടുമിനിറ്റിനുള്ളിൽ 17,400 അടിയിലേക്ക് താഴ്ന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ഹൈജാക്ക് സംഭവിക്കുമ്പോൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര എമർജൻസി കോഡ് ഉൾപ്പെടെയുള്ള അപായസന്ദേശം അയച്ചതോടെ വിമാനം തട്ടിയെടുത്തതായി സംശയിച്ച് ഇസ്രയേൽ സൈന്യം യുദ്ധവിമാനങ്ങളും അയച്ചു.
ക്യാപ്റ്റൻ സ്മിത് മച്ചാർ കഴിഞ്ഞ നാലുവർഷമായി ഫ്ലൈദുബായിയിൽ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്. അതിന് മുമ്പ് ഏകദേശം പത്തുവർഷം സ്പൈസ് ജെറ്റിൽ സേവനമനുഷ്ഠിച്ചു. 9,750 മണിക്കൂർ പറക്കൽ പരിചയവും 13 വർഷത്തെ ബോയിങ് 737 വിമാനം പറത്തിയ അനുഭവവും അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഫ്ലൈദുബായ് പുറത്തുവിട്ടിട്ടില്ല. വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. അതേസമയം, സംഭവത്തെ ഭീകരാക്രമണമെന്നാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ വിശേഷിപ്പിച്ചത്. വിമാനം തകർത്ത് ഇസ്രയേലി പൗരന്മാരെ കൊല്ലുകയായിരുന്നു ആക്രമണത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.