ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒക്ടോബർ 1 മുതൽ 31 വരെ കർശന ടിക്കറ്റ് പരിശോധന നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. സെൻട്രൽ റെയിൽവേയുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധനാ ഡ്രൈവ്. ടിക്കറ്റുകളുടെ സാധുത ഉറപ്പാക്കുന്നതിനൊപ്പം സംവരണ ക്വോട്ടകളുടെയും ഇളവുകളുടെയും ദുരുപയോഗം തടയുകയാണ് ലക്ഷ്യം.
കൺസെഷൻ അല്ലെങ്കിൽ പ്രത്യേക സംവരണ ക്വോട്ട ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ അർഹത തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈവശം കരുതണം. ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ കുറഞ്ഞത് ഒരാൾ അംഗീകൃത ഒറിജിനൽ ഐഡി കാണിക്കണമെന്നും റെയിൽവേ നിർദേശിച്ചു.
ആവശ്യമായ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം ടിക്കറ്റിലുള്ള യാത്രക്കാരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി റെയിൽവേ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇ-പാസ്, പി.ടി.ഒ (Privilege Ticket Order) എന്നിവ ഉപയോഗിക്കുന്നവരും ഒറിജിനൽ ഐഡി കൈവശം വയ്ക്കണം. യാത്രയ്ക്ക് മുമ്പ് ഇത്തരം രേഖകൾ സാധുവായ ടിക്കറ്റാക്കി മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം. അൺറിസർവ്ഡ് ടിക്കറ്റുകളുടെ സാധുത പരിശോധിക്കാൻ ടിക്കറ്റ് പരിശോധകർ TTE ആപ്പ് ഉപയോഗിക്കും.
വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർക്കാർ തിരിച്ചറിയൽ കാർഡ്, അംഗീകൃത സ്കൂൾ/കോളജ് സ്റ്റുഡന്റ് ഐഡി, ഫോട്ടോയുള്ള ബാങ്ക് പാസ്ബുക്ക്, ക്രെഡിറ്റ് കാർഡ്, ആധാർ എന്നിവ അംഗീകൃത തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാം.
അതേസമയം, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയതായി റെയിൽവേ അറിയിച്ചു. കൃത്യമായ ടിക്കറ്റും ആവശ്യമായ ഒറിജിനൽ തിരിച്ചറിയൽ രേഖകളും കൈവശം വച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.