വിനോദസഞ്ചാരികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കാനും തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനും മൈസൂരുവിൽ ടൂറിസം വകുപ്പിൻ്റെ മൊബൈൽ ടൂറിസ്റ്റ് പട്രോൾ വാഹനമായ ‘യാത്രിമിത്ര’ പ്രവർത്തനം ആരംഭിച്ചു. ടൂറിസം മന്ത്രി കെ.ജെ. ജോർജ് കഴിഞ്ഞ ദിവസം വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
മൈസൂരു കൊട്ടാരം, ചാമുണ്ഡി ഹിൽ, മൃഗശാല തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വാഹനം നിരന്തരം പട്രോളിങ് നടത്തും. പരിശീലനം ലഭിച്ച രണ്ട് ‘ടൂറിസ്റ്റ് മിത്ര’മാരാണ് വാഹനത്തിലുണ്ടാകുക. മെഡിക്കൽ സഹായം, സുരക്ഷ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ഇവർ സഞ്ചാരികൾക്ക് സഹായം നൽകും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികൾ, വിവിധ സേവനങ്ങൾ, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവയും ‘യാത്രിമിത്ര’യിൽ നിന്ന് ലഭിക്കും. ടൂറിസം കേന്ദ്രങ്ങളെയും സേവനങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി സഞ്ചാരികളിൽ നിന്ന് പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. പൊലീസിൻ്റെ പട്രോളിങ് സംവിധാനത്തിന് സമാനമായ രീതിയിലാണ് ‘യാത്രിമിത്ര’യുടെ പ്രവർത്തനം.