ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഫൗസി മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യൂസ്മാർഗിലെ കൊറാഗ് മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മു കശ്മീരിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ മൂസയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ അഞ്ചിന് യൂസ്മാർഗിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്ന് മൂസയുടെ അടുത്ത സഹായി യാസിറിനെ സുരക്ഷാസേന വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരസേന, ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.
തെരച്ചിലിനിടെ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാസേന ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഭീകരർ വെടിയുതിർത്ത് തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ലഷ്കർ ഇ തൊയ്ബ അംഗമായ ഫൗസി മൂസ കൊല്ലപ്പെട്ടത്.

മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ തെരച്ചിൽ തുടരുകയാണ്.

Related Posts