തിങ്കളാഴ്ച വൈകുന്നേരത്തെ അപ്രതീക്ഷിത മഴ നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി റോഡുകളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയും പീക്ക് സമയത്ത് യാത്രക്കാരുടെ ദുരിതം വർധിക്കുകയും ചെയ്തു.
ട്രാഫിക് പൊലീസിൻ്റെ വിവരമനുസരിച്ച് ശ്രീനിവാഗിലുവിൽ നിന്ന് എയർവ്യൂ ഭാഗത്തേക്കുള്ള റോഡിൻ്റെ ഇരുവശങ്ങളിലും വാഹന ഗതാഗതം മന്ദഗതിയിലായി. താനിസന്ദ്ര–നാഗവാര റോഡിലും വെള്ളക്കെട്ടിനെ തുടർന്ന് ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ പതുക്കെയാണ് നീങ്ങിയത്. ബാലഗെരെ സർക്കിൾ–കടുബീസനഹള്ളി ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടുബീസനഹള്ളിയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. വദ്ദർപാളയ ജങ്ഷൻ–ഗെദ്ദലഹള്ളി റോഡിലും ഇരുദിശകളിലും വാഹനങ്ങൾ മന്ദഗതിയിലായിരുന്നു.
ഗെദ്ദലഹള്ളിയിൽ നിന്ന് സാധാരണ 30 മിനിറ്റിൽ പൂർത്തിയാക്കുന്ന യാത്രയ്ക്ക് ഒരു മണിക്കൂറിലധികം വേണ്ടിവന്നതായി ഒരു യാത്രക്കാരൻ എക്സിൽ കുറിച്ചു.
വിദ്യാശിൽപ ഭാഗത്ത് നിന്ന് കോഫി ഡേയിലേക്കുള്ള റോഡിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തെ തിരക്കിനിടെയാണ് മഴ ശക്തമായത്. ഇതോടെ നഗരത്തിലെ പ്രധാന റോഡുകളിലും അവയുമായി ബന്ധിപ്പിക്കുന്ന പാതകളിലും യാത്രാസമയം ഗണ്യമായി വർധിച്ചു.