കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമപ്രകാരം ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭിക്കുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.

കേസിൽ സുപ്രീം കോടതി അടുത്ത മാസം 13ന് വീണ്ടും വാദം കേൾക്കും.

Related Posts