നേപ്പാളിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി. മഴ ശക്തമായതോടെ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാംഗ്, മ്യാഗ്ദി, ബാഗ്ലുംഗ്, പർബത്, പാൽപ തുടങ്ങിയ ജില്ലകളിലാണ് ദുരന്തം രൂക്ഷമായത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു. ഇതിനിടെ കൂറ്റൻ മലയിടിഞ്ഞുവീഴുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച മനാംഗിലുണ്ടായ മഞ്ഞിടിച്ചിലിൽ കാണാതായ പർവതാരോഹകരിൽ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എട്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.