രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. 2012ലെ നിർഭയ കേസുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് വേദനാജനകമായ സാമ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. ഇത്തരം സംഭവങ്ങൾ ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും ഉണ്ടായ ഗുരുതര വീഴ്ചകളാണ് വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി മേഖലയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാനഭംഗ കേസുകൾ പൊതുജനങ്ങൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനിർവഹണ ഏജൻസികൾക്കും ഭരണകൂടത്തിനും ഉണ്ടായ സംവിധാനപരമായ പരാജയമാണ് വ്യക്തമാക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.

മതിയായ തെരുവ് വെളിച്ചത്തിൻ്റെ അഭാവം, നിരീക്ഷണ സംവിധാനങ്ങളുടെ കുറവ്, മറ്റ് ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം പാർക്കുകൾ, ബസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും അപകടമേഖലകളായി മാറാൻ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് പർദിവാല വ്യക്തമാക്കി.

Related Posts