കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്. ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയ എയർബസ് A321 നിയോ വിമാനമാണ് അപകടസാധ്യതയേറിയ റൺവേ കോൺടാക്റ്റിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ലാൻഡിങ്ങിനിടെ വെല്ലുവിളിയായത്. ആദ്യ ശ്രമത്തിൽ ലാൻഡ് ചെയ്യാൻ കഴിയാതെ വിമാനം വീണ്ടും ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് പിൻഭാഗം റൺവേയിൽ തട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ലാൻഡിങ്ങിനിടെയോ ടേക്ക് ഓഫിനിടെയോ വിമാനത്തിൻ്റെ വാൽഭാഗം റൺവേയിൽ തട്ടുന്ന സംഭവത്തെയാണ് ‘ടെയിൽ സ്ട്രൈക്ക്’ എന്ന് വിളിക്കുന്നത്.

മോശം കാലാവസ്ഥയെ തുടർന്ന് ലാൻഡിങ്ങിനിടെ അസാധാരണമായ റൺവേ കോൺടാക്റ്റ് ഉണ്ടായതായി ഇൻഡിഗോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ചാണ് വിമാനം ലാൻഡ് ചെയ്തതെന്നും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വിമാനം സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റി. വിശദമായ പരിശോധനകളും ആവശ്യമായ അനുമതികളും പൂർത്തിയാക്കിയ ശേഷം മാത്രമേ വിമാനം വീണ്ടും സർവീസിൽ പ്രവേശിപ്പിക്കുകയുള്ളൂ. സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഡിജിസിഎ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Posts