ബെംഗളൂരു നഗരത്തിലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള 183 തടാകങ്ങളിൽ 49 എണ്ണം മാത്രമാണ് കയ്യേറ്റമുക്തമെന്ന് സിവിക് ബോഡിയുടെ കണക്കുകൾ പറയുന്നു. ഭൂമിയുടെ വില ഉയർന്നതോടെ നഗരത്തിലെ തടാക ഭൂമികളിലെ കയ്യേറ്റം വ്യാപകമായതായി കണക്കുകൾ വ്യക്തമാക്കുന്നു.
39 തടാകങ്ങളിൽ സർക്കാർ ഏജൻസികൾ കയ്യേറിയതായും 78 തടാകങ്ങളിൽ സർക്കാർ ഏജൻസികൾക്കും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കയ്യേറ്റമുണ്ടെന്നും റിപ്പോർട്ട് ചെയ്തു. പലയിടത്തും തടാകഭൂമി കളിസ്ഥലങ്ങളും പാർക്കുകളുമായി മാറ്റിയിട്ടുണ്ട്. ചില തടാകഭൂമികളിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (BWSSB) മലിനജല ശുദ്ധീകരണ പ്ലാന്റുകൾ (STP) നിർമിച്ചതായും അധികൃതർ പറഞ്ഞു. ഭവനരഹിതർക്കായി സർക്കാർ വീടുകൾ നിർമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇത്തരം കയ്യേറ്റങ്ങളിൽ ഭൂരിഭാഗവും വർഷങ്ങളായി നിലനിൽക്കുന്നതാണെന്ന് മുതിർന്ന GBA ഉദ്യോഗസ്ഥർ വ്യക്തമാക്കി. തടാകഭൂമിയിൽ നിർമിച്ച പല കെട്ടിടങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തടാകങ്ങൾ മുൻ ബെംഗളൂരു നഗരസഭയായ ബിബിഎംപിക്ക് കൈമാറുന്നതിന് മുമ്പുതന്നെ ചില നിർമാണങ്ങൾ ഉണ്ടായിരുന്നതായും അധികൃതർ പറഞ്ഞു. തടാകങ്ങളുടെ സംരക്ഷകരെന്ന നിലയിലാണ് ഇപ്പോൾ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.