ബെംഗളൂരുവിൽ ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ക്യാമറ സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ ചുമത്തി. ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരനുണ്ടെന്നായിരുന്നു ക്യാമറ കണ്ടെത്തിയത്. എന്നാൽ യാത്രക്കാരൻ്റെ തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗാണ് എഐ ക്യാമറ തെറ്റായി തിരിച്ചറിഞ്ഞത്.
ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സൗവിക് ദത്തയ്ക്കാണ് പിഴ ലഭിച്ചത്. ഭാര്യയുടെ പേരിലുള്ള സ്കൂട്ടറായതിനാൽ 500 രൂപയുടെ ഇ-ചലാൻ ലഭിച്ചത് ഭാര്യയ്ക്കായിരുന്നു. ചലാനിലെ ചിത്രം പരിശോധിച്ചപ്പോഴാണ് തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗ് പിൻസീറ്റ് യാത്രക്കാരനായി ക്യാമറ തിരിച്ചറിഞ്ഞതായി മനസ്സിലായത്.
തുടർന്ന് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സൗവിക് ദത്ത ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ ഇടപെട്ട് പിഴ ഒഴിവാക്കുമെന്ന് അറിയിച്ചു.
പിഴ ഒഴിവാക്കുന്നതിനായി ആവശ്യമായ വിവരങ്ങൾ automationpubbcp@ksp.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണമെന്ന് പൊലീസ് നിർദേശിച്ചു. കൂടുതൽ സഹായങ്ങൾക്ക് 080-22943381, 080-22942883 എന്നീ നമ്പരുകളിൽ ബന്ധപ്പെടാനും പൊലീസ് അറിയിച്ചു.