ബെംഗളൂരുവിലെ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടമായ കലേന അഗ്രഹാര–തവരേക്കരെ പാതയിൽ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാതയിൽ സർവീസ് നടത്താനുള്ള ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇനി റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്തിമ അനുമതി ലഭിച്ചാൽ സർവീസ് ആരംഭിക്കാനാകും.
7.5 കിലോമീറ്റർ ദൈർഘ്യമുള്ള പാത സർവീസിന് സജ്ജമായിട്ടുണ്ട്. ഓഗസ്റ്റ് 15ന് പാത തുറക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സെപ്റ്റംബർ പകുതിയോടെ തുറക്കുമെന്ന് അറിയിച്ചെങ്കിലും സുരക്ഷാ അനുമതി വൈകിയതോടെ ഉദ്ഘാടനം നീളുകയായിരുന്നു.
നിലവിലെ നടപടികൾ പൂർത്തിയായാൽ ഒക്ടോബറിൽ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിൽ മെട്രോ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.