ബെംഗളൂരുവിലെ നിർമാണത്തിലിരിക്കുന്ന യെലഹങ്ക ഫ്ലൈഓവർ തുറക്കുന്നത് വീണ്ടും വൈകും. ഒക്ടോബറിൽ ഗതാഗതത്തിനായി തുറക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും, പുതിയ വിലയിരുത്തലിൽ ഡിസംബർ അവസാനത്തോടെ മാത്രമേ പദ്ധതി പൂർത്തിയാകൂ എന്നാണ് ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ വ്യക്തമാക്കുന്നത്.
യെലഹങ്ക പൊലീസ് സ്റ്റേഷൻ മുതൽ ശേഷാദ്രിപുരം ഫസ്റ്റ് ഗ്രേഡ് കോളജ് ജങ്ഷൻ വരെ ദൊഡ്ഡബല്ലാപുര മെയിൻ റോഡിലാണ് 1.8 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ. 2022 ജനുവരിയിൽ ആരംഭിച്ച പദ്ധതിക്ക് 2023 ജൂലൈയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന പൂർത്തീകരണ തീയതി. തുടർന്ന് നിരവധി തവണ സമയപരിധി നീട്ടി.
ഗതാഗതത്തിരക്ക് വർധിച്ചതും നിർമാണത്തിനുള്ള സമയപരിധി രാത്രി മാത്രമായി ചുരുങ്ങിയതുമാണ് പ്രധാന കാരണങ്ങളെന്ന് അധികൃതർ പറയുന്നു. നിലവിൽ പദ്ധതിയുടെ ഏകദേശം 85 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.