കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ജനങ്ങൾക്ക് സ്വന്തം താൽപര്യപ്രകാരം ‘ടിപ്പ്’ നൽകാമെന്ന കർണാടക എക്സൈസ് മന്ത്രി കെ.എം. ശിവലിംഗെ ഗൗഡയുടെ പരാമർശം വിവാദമായി.
ഹാസനിലെ സകലേശപുരിൽ നടന്ന പ്രജാ സേവ ആന്ദോളന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. സർക്കാർ സേവനങ്ങൾ ലഭിക്കാൻ കൈക്കൂലി നൽകേണ്ടിവരുന്നതായി ജനങ്ങൾ പരാതിപ്പെട്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്ന സാഹചര്യത്തിൽ ‘ടിപ്പ്’ നൽകുന്നത് കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുന്നതല്ലേയെന്ന് ജനങ്ങൾ ചോദ്യം ചെയ്തു.
ഉദ്യോഗസ്ഥരുടെ സേവനത്തെ അഭിനന്ദിക്കുക മാത്രമായിരുന്നു തൻ്റെ ഉദ്ദേശമെന്നും കൈക്കൂലി നൽകാൻ നിർദേശിച്ചിട്ടില്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയും എം.എൽ.സി സി.ടി. രവിയും മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചു. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും സി.ടി. രവി ആവശ്യപ്പെട്ടു. മന്ത്രിയുടെ പരാമർശത്തിനെതിരെ ആക്ടിവിസ്റ്റ് ദിനേശ് കലഹള്ളി ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന് പരാതി നൽകി.