നാട്ടിലേക്ക് വരാനോ വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കോ തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കിൽ 5 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ധനച്ചെലവ് വർധിക്കുന്നതോടെ വിമാനക്കമ്പനികൾ ഫ്യുവൽ സർചാർജ് ഉയർത്താൻ നിർബന്ധിതരാകുന്നതാണ് ഇതിന് പ്രധാന കാരണം.

ആഗോള ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങിൻ്റെ(EY) കണക്കുകൾ പ്രകാരം ക്രൂഡ് ഓയിൽ വില ബാരലിന് 100–110 ഡോളർ പരിധിയിൽ തുടരുകയാണെങ്കിൽ അന്താരാഷ്ട്ര വിമാന നിരക്കിൽ ഏകദേശം 8–15 ശതമാനം വരെ വർധനയുണ്ടാകാം. വില 110–120 ഡോളറിലേക്ക് ഉയർന്നാൽ ടിക്കറ്റ് നിരക്കിലെ വർധനവ് 12–20 ശതമാനം വരെയാകാമെന്നാണ് വിലയിരുത്തൽ.

റൂട്ടിനനുസരിച്ചായിരിക്കും നിരക്ക് വർധനയിൽ വ്യത്യാസമുണ്ടാകുക. ഗ്രാൻഡ് തോൺടൺ ഭാരത് നടത്തിയ വിലയിരുത്തൽ പ്രകാരം കടുത്ത മത്സരമുള്ള റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഏകദേശം 5–10 ശതമാനം വരെ ഉയർന്നേക്കാം. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിൽ വർധനവ് 10–20 ശതമാനം വരെയാകാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽനിന്നുള്ള ഗൾഫ്, യൂറോപ്പ് സർവീസുകളെയും വടക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര സർവീസുകളെയും നിരക്ക് വർധന കാര്യമായി ബാധിച്ചേക്കും. പ്രത്യേകിച്ച് ഉത്സവ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ ഉയർന്ന ടിക്കറ്റ് നിരക്ക് കുടുംബ ബജറ്റുകളിലും അധിക ബാധ്യത സൃഷ്ടിക്കാം.

മധ്യപൂർവേഷ്യയിലെ സംഘർഷങ്ങളാണ് ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് വില 104 ഡോളറിന് താഴെയെത്തിയെങ്കിലും, തുടർച്ചയായ രണ്ട് വ്യാപാര സെഷനുകളിൽ മൂന്ന് ശതമാനത്തിലധികം ഇടിവുണ്ടായിട്ടും വില ഇപ്പോഴും ഉയർന്ന നിലയിലാണ്.

ക്രൂഡ് ഓയിൽ വില ഉയർന്നുതുടർന്നാൽ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൽ പ്രധാന പങ്കുള്ള വിമാന ഇന്ധനച്ചെലവും വർധിക്കും. ഈ അധിക ചെലവിന്റെ ഒരു ഭാഗം യാത്രക്കാരിൽനിന്ന് ഫ്യുവൽ സർചാർജായോ ഉയർന്ന ടിക്കറ്റ് നിരക്കായോ ഈടാക്കാൻ കമ്പനികൾ ശ്രമിച്ചേക്കും.

Related Posts