റഷ്യയ്ക്കെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുതിയ ഉപരോധ ബില്ലിൽ ഒപ്പുവച്ചു. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതി വാതകവും ഉൾപ്പെടെയുള്ള ഊർജ ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡണ്ടിന് അധികാരം നൽകുന്നതാണ് നിയമം. ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യൻ ഊർജത്തിൻ്റെ പ്രധാന ഉപഭോക്താക്കളായ രാജ്യങ്ങളെ ഇത് ബാധിച്ചേക്കും.
റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജമേഖല, ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ എന്നിവയ്ക്കെതിരെയും നിയമത്തിൽ നടപടികളുണ്ട്. അതേസമയം, രാജ്യങ്ങൾക്ക് മേൽ 100 ശതമാനം തീരുവ സ്വമേധയാ ഉടൻ ഏർപ്പെടുത്തുന്നതല്ല; അത് നടപ്പാക്കാനുള്ള അധികാരമാണ് പ്രസിഡണ്ടിന് നൽകുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ സമ്മർദം ചെലുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നേരത്തെ ഊർജസുരക്ഷ മുൻനിർത്തിയുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. നിയമം പാസാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന റഷ്യൻ എണ്ണ ഉപഭോക്താക്കൾക്ക് മേൽ അധിക തീരുവ ചുമത്താനുള്ള സാധ്യതയാണ് ഉയരുന്നത്.