സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി ബോർഡ് ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് തിരിക്കും.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കെഎസ്ഇബി ഡയറക്ടർമാർ നേരിട്ട് ചർച്ച നടത്തും. സംസ്ഥാനത്തിൻ്റെ ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, വായ്പയെടുത്ത് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്. പകരം 50 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള താൽക്കാലിക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്.

എന്നാൽ ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Related Posts