പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്തിയത്. ഇന്ന് തന്നെ സംയുക്ത പ്രഖ്യാപനം പുറത്തിറക്കുമെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ സംഘർഷവും സംയുക്ത പ്രഖ്യാപനത്തിൽ പരാമർശിക്കും. രാജ്യങ്ങളുടെ അതിർത്തിപരമായ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായി എതിർക്കുന്ന നിലപാടായിരിക്കും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക.
പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ പൊതുവായ നിലപാടിലെത്തുന്നതിനാണ് കൂടുതൽ ചർച്ചകൾ വേണ്ടിവന്നത്. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലെ വ്യത്യസ്ത നിലപാടുകൾ ഏകോപിപ്പിക്കുന്നതിനും വിശദമായ ചർച്ചകൾ നടന്നു.
ഇക്കാര്യത്തിൽ ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയതായാണ് വിവരം. ഉച്ചകോടിയുടെ ഭാഗമായി പരമാവധി പൊതുസമ്മതമുള്ള നിലപാട് രൂപപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.
അതേസമയം, സംയുക്ത പ്രഖ്യാപനത്തിൽ അമേരിക്കയെയോ ഇസ്രയേലിനെയോ പേരെടുത്ത് വിമർശിക്കില്ല. വ്യക്തിഗത രാജ്യങ്ങളെ പരാമർശിക്കുന്നതിന് പകരം പൊതുവായ നിലപാടും രാജ്യങ്ങളുടെ പരമാധികാരവും അതിർത്തി അഖണ്ഡതയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയുമാകും പ്രഖ്യാപനത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടുക.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ആഗോള സമാധാനം, സുരക്ഷ, സാമ്പത്തിക സഹകരണം, അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്.