ചെറുപ്രായത്തിൽ തന്നെ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച് ബെംഗളൂരുവിലെ മലയാളി കുടുംബത്തിലെ ഒന്നര വയസ്സുകാരി മഹാലക്ഷ്മി ആർ റോഷന് രണ്ട് റെക്കോർഡുകൾ. ഒന്നര വയസ്സ് തികയും മുമ്പാണ് മഹാലക്ഷ്മി ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ വേൾഡ് റെക്കോർഡും ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ അച്ചീവർ പുരസ്കാരവും സ്വന്തമാക്കിയത്.

2026 മേയ് 30ന് ബെംഗളൂരുവിലെ ജാലഹള്ളിയിൽ വെച്ചാണ് മഹാലക്ഷ്മി ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ലോക റെക്കോർഡ് നേടിയത്. ‘ഒരു കൈ ഉപയോഗിച്ച് ഏറ്റവും വേഗത്തിൽ 12 പീസ് സ്റ്റാക്ക് ടവർ പൂർത്തിയാക്കിയ പിഞ്ചുകുട്ടി’ എന്ന വിഭാഗത്തിലാണ് നേട്ടം. ഒരു വയസ്സും അഞ്ച് മാസവും 23 ദിവസവും പ്രായമുള്ളപ്പോൾ വെറും 44 സെക്കൻഡിനുള്ളിൽ ഒറ്റക്കൈ ഉപയോഗിച്ച് 12 പീസ് സ്റ്റാക്ക് ടവർ പൂർത്തിയാക്കിയാണ് മഹാലക്ഷ്മി റെക്കോർഡ് സ്വന്തമാക്കിയത്.

വിവിധ വിഭാഗങ്ങളിലായി 88 വസ്തുക്കളെ തിരിച്ചറിയുകയും അവയുടെ പേരുകൾ ഓർത്തെടുത്ത് പറയുകയും ചെയ്തതിനും, ജിഗ്സോ പസിലുകൾ പൂർത്തിയാക്കുന്നതിനും ടവറുകൾ നിർമ്മിക്കുന്നതിനും മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കുന്നതിനുമാണ് മഹാലക്ഷ്മിക്ക് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ അച്ചീവർ പുരസ്കാരം ലഭിച്ചത്. ഒരു വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കാസർഗോഡ് സ്വദേശികളായ റിജേഷ് റോഷൻ്റെയും ശ്രീഭ കെ.എസിൻ്റെയും മകളാണ് മഹാലക്ഷ്മി. നിലവിൽ കുടുംബം ബെംഗളൂരു ജാലഹള്ളിയിലെ കുമാർ പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റിലാണ് താമസം.

ഒൻപത് മാസം പ്രായമുള്ളപ്പോൾ തന്നെ വർണ്ണാഭമായ ബോർഡ് പുസ്തകങ്ങളോട് മഹാലക്ഷ്മി വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. പിന്നീട് പുസ്തകങ്ങളിലൂടെയും മാതാപിതാക്കൾ കാണിച്ചുകൊടുക്കുന്നതിലൂടെയും പരിചയപ്പെടുന്ന കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കി ഓർത്തുവെക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവളുടെ കഴിവുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്.

പുസ്തകങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ മഹാലക്ഷ്മിക്ക് ഏറെ താൽപര്യമുണ്ട്. പുതിയ വസ്തുക്കൾ കാണുമ്പോൾ ആകാംക്ഷയോടെ അവ തൊട്ടുനോക്കുകയും മാതാപിതാക്കളോട് അന്വേഷിക്കുകയും ചെയ്യാറുണ്ട്. ജിഗ്സോ പസിലുകൾ പരിഹരിക്കുന്നതിലും ബ്ലോക്കുകൾ ഉപയോഗിച്ച് ടവറുകൾ നിർമ്മിക്കുന്നതിലും പ്രത്യേക താൽപര്യമുള്ള മഹാലക്ഷ്മിയുടെ ഈ കഴിവുകളാണ് ചെറുപ്രായത്തിൽ തന്നെ രണ്ട് റെക്കോർഡ് നേട്ടങ്ങളിലേക്ക് വഴിയൊരുക്കിയത്.

Related Posts