ആവശ്യങ്ങളിൽ ഒരാഴ്ചയ്ക്കകം അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ സെപ്റ്റംബർ 19ന് വീണ്ടും സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ലഡാക്കിലെ ജനങ്ങൾക്കായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കുന്നതിനൊപ്പം ജലവും വായുവും സംരക്ഷിക്കുന്നവരാണ് ലഡാക്കിലെ ജനങ്ങളെന്ന് വാങ്ചുക്ക് പറഞ്ഞു. അവർക്കുള്ള പിന്തുണ പ്രകടിപ്പിക്കാൻ എല്ലാവരും ലഡാക്കിലെത്തി സമരത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന് പറയുമ്പോഴും ഗവർണർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നത് എന്തിനാണെന്നും വാങ്ചുക്ക് ചോദിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ലഡാക്കിന് കൂടുതൽ അധികാരവും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ടാണ് വാങ്ചുക്കിൻ്റെ നേതൃത്വത്തിൽ നേരത്തെ പ്രതിഷേധങ്ങൾ നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ സമരത്തിനിടെ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് സെപ്റ്റംബർ 26ന് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. ആറുമാസത്തോളം ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനായത്.