ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഡിവിഷന് കീഴിലെ 120ഓളം ട്രെയിൻ സർവീസുകൾക്ക് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 11 മുതൽ 13 വരെയുള്ള വിവിധ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാജധാനി, തേജസ് രാജധാനി, വന്ദേ ഭാരത്, പൂർവ്വ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിൻ സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഭാരത് മണ്ഡപത്തിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള സർവീസുകളെയാണ് നിയന്ത്രണങ്ങൾ പ്രധാനമായും ബാധിക്കുക. യാത്രക്കാർ യാത്രയ്ക്ക് മുമ്പ് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ് വഴിയോ 139 എന്ന ഹെൽപ്‌ലൈൻ നമ്പറിലൂടെയോ ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.

ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 15,000 പോലീസുകാരെയും അർധസൈനിക വിഭാഗങ്ങളുടെ 200 കമ്പനികളെയും വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. ദേശീയ, അന്തർദേശീയ സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ഡൽഹിയിലെ സ്കൂളുകൾക്കും കേന്ദ്ര-ഡൽഹി സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ 35 പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts