തീപിടുത്തത്തെത്തുടര്‍ന്ന് ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തതില്‍ അന്വേഷണം ആരംഭിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് വിഷയത്തില്‍ കോടതി റിപ്പോര്‍ട്ട് തേടി. സുപ്രിംകോടതി കൊളീജിയത്തിൻ്റെ ശുപാര്‍ശയെത്തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് തിരുമാനം.
അതേസമയം, ജസ്റ്റിസ് വര്‍മ്മയെ സ്ഥലം മാറ്റുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും നിയമവ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും കൊളീജിയത്തിലെ ചില ജഡ്ജിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. സ്വമേധയാ ജസ്റ്റിസ് വര്‍മ്മ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം വിസമ്മതിച്ചാല്‍ പാര്‍ലമെൻ്റില്‍ ഇംപീച്ച്മെൻ്റ് നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. യശ്വന്ത് വര്‍മ്മ യുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെയാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.
തീപിടിത്തം നടക്കുമ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. പോലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത് ഭാര്യയും മക്കളുമാണ്. ഫയര്‍ഫോഴ്സ് സംഘം തീയണച്ചതിന് ശേഷം പരിശോധന നടത്തിയപ്പോളാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പണം കണ്ടെത്തിയ വിവരം സര്‍ക്കാരിൻ്റെ ഉന്നതതലങ്ങളിലുമെത്തി. അവര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിവരമറിയിക്കുകയായിരുന്നു.