ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6E 1302 ഇന്ന് അടിയന്തരമായി ഒമാനിലെ മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലെ ഓപ്പറേറ്റിങ് ക്രൂ അംഗത്തിന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ അറിയിച്ചു.
മസ്കറ്റിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം അസുഖബാധിതനായ ക്രൂ അംഗത്തിന് മെഡിക്കൽ സംഘം ചികിത്സ നൽകി. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി ഇൻഡിഗോ അറിയിച്ചു. ആരോഗ്യപ്രശ്നത്തിൻ്റെ കൃത്യമായ കാരണം വിമാനക്കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
യാത്ര തുടരുന്നതിനായി പകരം വിമാനം മറ്റൊരു ക്രൂവിനൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കറ്റിൽ കാത്തിരിക്കുന്ന യാത്രക്കാർക്ക് ഇൻഡിഗോ ഭക്ഷണപാനീയങ്ങളും യാത്ര സംബന്ധിച്ച വിവരങ്ങളും നൽകുന്നുണ്ട്.
വിമാനം ബെംഗളൂരുവിൽ എത്തുന്ന പുതുക്കിയ സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിക്കുകയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും വ്യക്തമാക്കി.