സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്വയംപര്യാപ്തതയും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിനായുള്ള വിദേശയാത്രകൾ, വിദേശത്ത് നടത്തുന്ന വിവാഹങ്ങൾ, അനാവശ്യമായ സ്വർണവാങ്ങൽ എന്നിവ ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്കെക്കിലെത്തിയ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചതിൽ രാജ്യത്തെ അഭിനന്ദിച്ച മോദി, ആഗോളതലത്തിലെ പ്രതിസന്ധികൾക്കിടയിലും നേടിയ ഈ വളർച്ച നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞു. സ്വദേശി പ്രസ്ഥാനത്തിനും സ്വയംപര്യാപ്തതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിലൂടെ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിൽ യുവതലമുറയ്ക്ക് വികസിത ഇന്ത്യ സമ്മാനിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധങ്ങളും ആഗോള വിതരണശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യ സാമ്പത്തികമായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് നിരാശയുടെ അന്തരീക്ഷം സൃഷ്ടിക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനെതിരെ മോദി പരോക്ഷ വിമർശനവും ഉന്നയിച്ചു.

Related Posts