2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷൻ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ തമിഴ്നാട്ടിലെ ടിവികെ–കോൺഗ്രസ് സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്ന ടിവികെ നേതാക്കളുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കണമെന്നാണ് തമിഴ്നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ടിവികെ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിലെ കോൺഗ്രസിൻ്റെ രണ്ട് മന്ത്രിമാരും രാജിവെച്ച് സർക്കാരിൽ നിന്ന് പിന്മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കന്യാകുമാരിയിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു രാജേഷ് കുമാറിൻ്റെ പരാമർശം. മന്ത്രിസ്ഥാനം നിലനിർത്തുന്നതിനേക്കാൾ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ടിവികെ അനുകൂല സൈബർ വിഭാഗങ്ങളും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. തമിഴ്നാട് രാഷ്ട്രീയത്തിൽ ടിവികെയുടെ വളർച്ചയ്ക്കും കോൺഗ്രസിന് സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചതിനും വിജയിയുടെ രാഷ്ട്രീയ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നാണ് ടിവികെ അനുഭാവികളുടെ വാദം. വിജയിയെ മുന്നിൽ നിർത്തിയുള്ള ടിവികെയുടെ രാഷ്ട്രീയ നീക്കവും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന കോൺഗ്രസ് നിലപാടും തമ്മിലുള്ള അഭിപ്രായവ്യത്യാസം സഖ്യത്തിൻ്റെ ഭാവിയെക്കുറിച്ചും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സഖ്യകക്ഷികൾ തമ്മിലുള്ള ധാരണകൾ എങ്ങനെ രൂപപ്പെടുമെന്നതും ശ്രദ്ധേയമാണ്.

Related Posts