യുഎസിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ മിന്നൽപ്രളയത്തെ തുടർന്ന് വ്യാപക നാശനഷ്ടം. പ്രളയത്തിൽ 20ലേറെ പേരെ കാണാതായതായി അധികൃതർ അറിയിച്ചു. നിരവധി സഞ്ചാരികൾ ദിവസേന എത്തുന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.
കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിലാണ് ശനിയാഴ്ച ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്. പ്രളയമുണ്ടാകുമ്പോൾ 50ലേറെ ആളുകൾ പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡുകളുടെ വിവിധ ഭാഗങ്ങൾ ഒലിച്ചുപോയി.
വലിയ പാറകളും മരങ്ങളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കുത്തൊഴുക്കിൽപ്പെട്ട് കൊളറാഡോ നദിയിലേക്ക് ഒഴുകിയെത്തിയതായി നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. പ്രളയബാധിത മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്.
അതിനിടെ, പ്രദേശത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി. കൂടുതൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.