കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (KPSC) പരീക്ഷാ ക്രമക്കേട് കേസിൽ 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെ സിഐഡി കസ്റ്റഡിയിലെടുത്തു. വെറ്ററിനറി ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണവുമായി സഹകരിക്കാൻ അദ്ദേഹം വിസമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച മാത്രം ഏകദേശം ഒമ്പത് മണിക്കൂറോളം സിഐഡി സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

നിലവിൽ കർണാടക വ്യവസായ-വാണിജ്യ വകുപ്പിൽ എംഎസ്എംഇ ഡയറക്ടറായി പ്രവർത്തിക്കുന്ന ഗംഗ്വാർ, ക്രമക്കേട് നടന്ന കാലയളവിൽ കെപിഎസ്‌സിയിലെ പരീക്ഷാ കൺട്രോളറായിരുന്നു. ഈ വർഷം മാർച്ചിലാണ് അദ്ദേഹത്തെ പരീക്ഷാ കൺട്രോളർ സ്ഥാനത്തുനിന്ന് മാറ്റിയത്.

മൃഗസംരക്ഷണ വകുപ്പിലേക്ക് വെറ്ററിനറി ഓഫീസർമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയിൽ കെപിഎസ്‌സിയിലെ ചില ഉദ്യോഗസ്ഥർ വ്യാപകമായ ക്രമക്കേട് നടത്തിയെന്നാണ് കേസ്. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

Related Posts