മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണോത്സവം 2026 ഓഗസ്റ്റ് 30 ഞായറാഴ്ച മറത്തഹള്ളി റിംഗ് റോഡിന് സമീപമുള്ള കലാഭവനിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 11 മണിക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വയലിനിസ്റ്റ് സോനുവിൻ്റെ നേതൃത്വത്തിൽ MTB എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12.30ന് ഓണസദ്യ ഉണ്ടായിരിക്കും. വൈകുന്നേരം 3.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത മലയാള ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി പങ്കെടുക്കും. കലാവേദി രക്ഷാധികാരി പദ്മശ്രീ ഡോ.സി.ജി.കൃഷ്ണദാസ് നായർ ചടങ്ങിൽ സന്നിഹിതനാകും.

കലാവേദി പ്രസിഡണ്ട് കെ.പി.പത്മകുമാർ സ്വാഗതം ആശംസിക്കും. വൈസ് പ്രസിഡണ്ടും ഓണം ആഘോഷ കമ്മിറ്റി ചെയർമാനുമായ എ.മധുസൂദനൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തും. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കും. ട്രഷറർ രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി റെനി എം. വേലായുധൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ഇതോടൊപ്പം കലാവേദിയുടെ ഫുട്ബോൾ കോർട്ടിൻ്റെയും പിക്കിൾബോൾ കോർട്ടിൻ്റെയും ഉദ്ഘാടനം നടക്കും.

ഓണോത്സവത്തിലെ പ്രധാന ആകർഷണം മലയാളം പിന്നണി ഗായകൻ അൻവർ സാദത്ത്, സുമേഷ് അയിരൂർ, നന്ദ ജയദേവൻ എന്നിവരും സംഘവും നേതൃത്വം നൽകുന്ന അമ്മ മ്യൂസിക്കിൻ്റെ സൂപ്പർഹിറ്റ് ഗാനമേള ആയിരിക്കും.

വിവിധ കലാപരിപാടികൾ, സംഗീതവിരുന്ന്, ഓണസദ്യ എന്നിവയുമായി ബെംഗളൂരുവിലെ മലയാളികൾക്ക് ഓണാഘോഷത്തിൻ്റെ ആവേശം പകരുന്ന പരിപാടിയാകും കലാവേദി ഓണോത്സവം 2026 എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97404 01686.

Related Posts